National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ സംഘടിത കുറ്റകൃത്യങ്ങളും അക്രമങ്ങളും കർശനമായി അടിച്ചമർത്താൻ സർക്കാർ ഗുണ്ടാ നിയമം പാസാക്കി. തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബില്ലിനെ 176 പേർ അനുകൂലിച്ചപ്പോൾ 41 പേർ എതിർത്തു.
പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തുന്ന ഏതൊരാളെയും ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെയ്ക്കുന്നതാണ് നിയമം. ജില്ലാ മജിസ്ട്രേറ്റുമാർക്കും പോലീസ് കമ്മീഷണർമാർക്കും ഇതിനുള്ള ഉത്തരവ് നേരിട്ട് പുറപ്പെടുവിക്കാനാകും.
അക്രമങ്ങളിലൂടെ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്ന കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും അവരിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാനും നിയമത്തിൽ കർശന വ്യവസ്ഥയുണ്ട്. കള്ളക്കടത്ത്, അനധികൃത മണൽ ഖനനം, വന്യജീവി-വനം കൊള്ള എന്നിവയെല്ലാം ഇനിമുതൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ വരും.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ജില്ലാ മജിസ്ട്രേറ്റിനോ പോലീസ് കമ്മീഷണർക്കോ ജില്ലയിൽ നിന്ന് ഒരു വർഷത്തേക്ക് നാടുകടത്താനുള്ള അധികാരവും ഈ നിയമം വഴി ലഭ്യമാകും. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായി വീണ്ടെടുക്കാനാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
Kerala
കോൽക്കത്ത: ഏകീകൃത സിവിൽ കോഡ് ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു യുസിസി.
അധികാരത്തിൽ വന്ന് ആറ് മാസത്തിനകം ഇത് നടപ്പാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ പ്രഖ്യാപനം. എന്നാൽ നിശ്ചയിച്ച സമയപരിധിക്കും വളരെ മുൻപാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബിൽ സഭയിലെത്തിക്കുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിനിടയിലാണ് തിങ്കളാഴ്ച ബിൽ സഭയുടെ പരിഗണനയ്ക്ക് വരുന്നത്.
ഗുജറാത്ത്, ആസാം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മാതൃകയിൽ കൃത്യമായ നിയമനടപടികൾ പാലിച്ചായിരിക്കും ബംഗാളിലും യുസിസി നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതസ്ഥർക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.
കൂടാതെ ഈ ബില്ലിലൂടെ സംസ്ഥാനത്ത് ബഹുഭാര്യത്വവും മുത്തലാഖും പൂർണമായി നിരോധിക്കാനും ലിവ്-ഇൻ പങ്കാളിത്തങ്ങൾ നിർബന്ധിതമായി രജിസ്റ്റർ ചെയ്യാനും നിർദ്ദേശമുണ്ട്. എന്നാൽ ബില്ല് വ്യക്തിനിയമങ്ങളും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
National
കോൽക്കത്ത: ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തു നിന്ന് 4800 ബംഗ്ലാദേശികളെ തിരിച്ചയച്ചെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. 836 പേരെ അതിർത്തി ജില്ലകളിലെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കോൽക്കത്തയിൽ ബിജെപി ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആകെ 556 കിലോമീറ്റർ ദൂരത്തിലാണ് അതിർത്തിയിൽ വേലി നിർമ്മിക്കേണ്ടത്. ആദ്യഘട്ടമായി 100 കിലോമീറ്റർ നീളത്തിലുള്ള ഭൂമി വേലി നിർമാണത്തിനായി ബിഎസ്എഫിന് കൈമാറി.
ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന് അനുമതി നൽകിയിരുന്നു. തൃണമൂൽ സർക്കാരിന്റെ കാലത്ത് മുടങ്ങിപ്പോയ ജനസംഖ്യാ കണക്കെടുപ്പ് ഓഗസ്റ്റിൽ പുനരാരംഭിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ സ്കൂളുകളിലും മദ്രസകളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉത്തരവിനെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം. ഉത്തരവ് ഉടനടി പിൻവലിക്കണമെന്നും മുസ്ലിം വിദ്യാർത്ഥികൾക്ക് ഇതിൽ നിന്ന് ഇളവ് നൽകണമെന്നും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ആവശ്യപ്പെട്ടു. മതവിശ്വാസങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ബോർഡ് വക്താവ് ഡോ. എസ്ക്യുആർ. ഇല്യാസ് വ്യക്തമാക്കി.
എന്നാൽ, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സുവേന്ദു അധികാരി കടുത്ത ഭാഷയിൽ പ്രതികരിച്ചു. "ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേമാതരവും ജനഗണമനയും പാടണം. എല്ലാ സ്കൂളുകളിലും ഇത് നിർബന്ധമാണ്. ഇത് ഭാരതീയ സംസ്കാരമാണ്, സനാതന സംസ്കാരമാണ്. ഈ രാജ്യം മറ്റാരുടെയും കൈകളിലേക്ക് പോകാൻ അനുവദിക്കില്ല," എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വന്ദേമാതരം ഒരു പ്രത്യേക മതത്തിന്റേതല്ലെന്നും രാജ്യത്തിന്റേതാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജുവും വ്യക്തമാക്കി.
ദേശീയഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ എല്ലാ വരികളും ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശത്തെ ശശി തരൂർ എംപി ചോദ്യം ചെയ്തതും ഇതിനിടെ വലിയ ചർച്ചയായിട്ടുണ്ട്. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും നിർബന്ധമാക്കുന്നത് അനാവശ്യ ഭാരമാണെന്ന് തരൂർ പറഞ്ഞു.
ഇതിനെതിരെ കോൺഗ്രസ് മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. 1950-ൽ ഭരണഘടനാ നിർമാണ സഭ വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ചതാണെങ്കിലും, പുതിയ ഉത്തരവുകളോടെ വിഷയം വീണ്ടും ദേശീയ തലത്തിൽ വൻ വിവാദമായി മാറിയിരിക്കുകയാണ്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വിപുലീകരിച്ചു. പ്രമുഖ നേതാക്കളായ സ്വപൻ ദാസ്ഗുപ്ത, താപസ് റോയ്, ശങ്കർ ഘോഷ് എന്നിവരുൾപ്പെടെ 35 ബിജെപി എംഎൽഎമാർ തിങ്കളാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് മേയ് ഒൻപതിനാണ് സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 294 അംഗ നിയമസഭയിൽ 208 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തിയത്.
മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ മന്ത്രിസഭാ വിപുലീകരണം നടന്നിരിക്കുന്നത്. മേയ് ഒൻപതിന് സുവേന്ദു അധികാരിക്കൊപ്പം ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, അശോക് കിർത്താനിയ, ക്ഷുദിറാം ടുഡു എന്നീ ബിജെപി നേതാക്കളും മന്ത്രിമാരായി ചുമതലയേറ്റിരുന്നു.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സുവേന്ദു അധികാരിയും ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയും ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. പുതിയ 35 അംഗങ്ങൾ കൂടി എത്തിയതോടെ ബംഗാൾ മന്ത്രിസഭയുടെ ആകെ അംഗസംഖ്യ 41 ആയി ഉയർന്നു.
സ്വപൻ ദാസ്ഗുപ്ത, ദൂത് കുമാർ മണ്ഡൽ, ദീപക് ബർമൻ, മനോജ് ഒറാവോൺ, ഗൗരി ശങ്കർ ഘോഷ്, അർജുൻ സിംഗ്, താപസ് റോയ്, ശരദ്വത് മുഖർജി, ജഗന്നാഥ് ചതോപാധ്യായ, ശങ്കർ ഘോഷ് എന്നിവരാണ് കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാജേഷ് മഹാത, ഇന്ദ്രനീൽ ഖാൻ, മാലതി രാവ റോയ് എന്നിവർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായും ചുമതലയേറ്റു.
കൂടാതെ ശാന്തനു പ്രമാണിക്, പൂർണിമ ചക്രവർത്തി, ഉമേഷ് റായ്, ജോയൽ മുർമു, അശോക് ദിൻഡ, ആനന്ദമോയ് ബർമൻ, കൗശിക് ചൗധരി, ഗാർഗി ദാസ് ഘോഷ്, ഭാസ്കർ ഭട്ടാചാര്യ, ദിബാകർ ഘരാമി, സുമന സർക്കാർ എന്നിവർ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂൺ ഒന്നുമുതൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്തെ ഹ്രസ്വ, ദീർഘദൂര ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര നടത്താമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സർക്കാർ ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര. പദ്ധതിയുടെ ഭാഗമായി ക്യൂആർ കോഡ് അടങ്ങിയ സ്മാർട്ട് കാർഡ് പുറത്തിറക്കും. ഗുണഭോക്താവിന്റെ ഫോട്ടോയും പേരും സ്മാർട്ട് കാർഡിൽ ഉണ്ടാകും.
ഇതിനായി സ്ത്രീകൾ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്കോ സബ് ഡിവിഷണൽ ഓഫീസർക്കോ അപേക്ഷ സമർപ്പിക്കണം. അപേക്ഷയ്ക്കൊപ്പം ഫോട്ടോയും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. സ്മാർട്ട് കാർഡുകളുടെ വിതരണം വൈകിയാലും ജൂൺ ഒന്നിന് പദ്ധതി നടപ്പിലാക്കും.
സ്മാർട്ട് കാർഡ് കിട്ടുന്നതുവരെ ഫോട്ടോയോടു കൂടിയ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് സൗജന്യ യാത്ര നടത്താമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്.
National
കോൽക്കത്ത: സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാർ. സർക്കാർ സ്കൂളുകളിലും സർക്കാർ എയ്ഡഡ് സ്കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
സ്കൂളുകളിൽ വന്ദേമാതരത്തിന്റെ ആദ്യ ആറ് ഖണ്ഡികകളാണ് ആലപിക്കാൻ നിർദേശമുള്ളത്. ദിവസവും രാവിലെയുള്ള ദേശീയഗീതാലാപനത്തിൽ എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിക്കാനും സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവന് സ്കൂളുകളിലും വന്ദേമാതരം പ്രാർഥനാഗാനമായി ആലപിക്കും. താൻ ഇന്ന് നബന്നയിൽ പോയി അവരെ കാര്യം ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഏറ്റെടുക്കും. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പശ്ചിമ ബംഗാൾ പോലീസ് നേരത്തെ ശിപാർശ ചെയ്തിരുന്നു.
സിബിഐ, പോലീസിൽനിന്ന് അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കും. കേസ് കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുമെന്നു സിബിഐ പത്രക്കുറിപ്പിൽ അറിയിച്ചു. കോൽക്കത്ത മേഖലയിലെ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലായിരിക്കും എസ്ഐടി പ്രവർത്തിക്കുക.
കേസുമായി ബന്ധപ്പെട്ടു മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് നടപടി. യുപിയിൽനിന്നും ബിഹാറിൽനിന്നും അറസ്റ്റ് ചെയ്ത ഇവരെ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുവന്ന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം മൂന്നു പ്രതികളെയും 13 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
മേയ് ആറിനാണ് ബൈക്കിലെത്തിയ അക്രമികൾ ചന്ദ്രനാഥ് രഥിനെ വെടിവച്ചു കൊന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു വെറും രണ്ട് ദിവസത്തിനു ശേഷമാണ് സംഭവം.
National
കോൽക്കത്ത: ബംഗാളിൽ മന്ത്രിമാർക്കു വകുപ്പുകൾ വിഭജിച്ചു നല്കി മുഖ്യമന്ത്രി സുവേന്ദു അധികാരി.
ദിലീപ് ഘോഷിന് പഞ്ചായത്ത്, ഗ്രാമവികസന വകുപ്പുകൾ ലഭിച്ചു. വനിതാ ശിശു ക്ഷേമവും സാമൂഹ്യക്ഷേമവും കൈകാര്യം ചെയ്യുക അഗ്നിമിത്ര പോളാണ്.
ഭക്ഷ്യ-സിവിൽ സപ്ലൈസ്, സഹകരണ വകുപ്പുകൾ അശോക് കിർത്താനിയയ്ക്കു കിട്ടി. ആദിവാസി ക്ഷേമ വകുപ്പ് ക്ഷുദിരം ടുഡുവിനാണ്.
വടക്കൻ ബംഗാൾ വികസനം, കായികം, യുവജനക്ഷേമം വകുപ്പുകൾ നിസിത് പ്രാമാണിക്കിനു ലഭിച്ചു. മറ്റു വകുപ്പുകൾ മുഖ്യമന്ത്രി സുവേന്ദു അധികാരി കൈകാര്യം ചെയ്യും.
National
കോൽക്കത്ത: തന്റെ പിഎയുടെ കൊലപാതകം ആസൂത്രിതമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ മമത ബാനർജിയെ തോൽപ്പിച്ചതിനാലാണ് എന്റെ സഹായിയെ അവർ കൊലപ്പെടുത്തിയത്. കഴിഞ്ഞ 15 വർഷമായി ബംഗാളിൽ നിലനിൽക്കുന്ന 'മഹാ ജംഗിൾ രാജിന്റെ' തെളിവാണിത്." - സുവേന്ദു അധികാരി പറഞ്ഞു.
ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടായിസമാണെന്ന് അദ്ദേഹത്തിന്റെ മാതാവ് ഹസിറാണി രഥും ആരോപിച്ചു. പ്രതികളെ ഇന്ന് ബംഗാളിലെ ബരാസത്ത് കോടതിയിൽ ഹാജരാക്കും.
National
കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയുടെ കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
ആക്രമികൾ കോൽക്കത്തയ്ക്കടുത്തുള്ള ബാലിയിലെ ഒരു ടോൾ ബൂത്തിൽ യുപിഐ വഴി പണമടച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം കാറിലിരിക്കുകയായിരുന്ന ചന്ദ്രനാഥിനെ വെടിവയ്ക്കുകയായിരുന്നു.
National
കോൽക്കത്ത: ബിജെപി ചരിത്ര വിജയം നേടിയ പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി. കോൽക്കത്ത ബ്രിഗേഡ് മൈതാനത്ത് നടത്തിയ ചടങ്ങിലാണ് സുവേന്ദു സത്യപ്രതിജ്ഞ ചെയ്തത്.
ഗവർണർ ആർ.എൻ. രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാർ എന്നിവർ വേദിയിലുണ്ടായിരുന്നു.
ബംഗാളിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. ഭവാനിപുർ, നന്ദിഗ്രാം എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചാണ് സുവേന്ദു നിയമസഭയിലെത്തിയത്. ഭവാനിപുരിൽ മുഖ്യമന്ത്രിയായിരുന്നു ബാനർജിയെ ആണ് സുവേന്ദു പരാജയപ്പെടുത്തിയത്.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രഥിനെ വെടിവച്ചു കൊന്ന സംഭവത്തിൽ ആക്രമികൾ എത്തിയത് മോഷ്ടിച്ച ഇരുചക്ര വാഹനത്തിൽ.
WB44D1990 എന്ന രജിസ്റ്റർ നമ്പരിലുള്ള വാഹനത്തിലാണ് പ്രതികളെത്തിയത്. വാഹനത്തിന്റെ ഉടമ വിഭാഷ് കുമാർ ഭട്ടാചാര്യ എന്നയാളാണ്. 2012 മേയ് നാലിനാണ് ബൈക്ക് രജിസ്റ്റർ ചെയ്തത്.
വിഭാഷിന്റെ വിലാസം അന്വേഷിച്ചു ചെന്ന പോലീസിന് ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ധരംവീർ എന്ന സർക്കാർ ഉദ്യോഗസ്ഥനാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. 2014 മുതൽ താൻ ഇവിടെ താമസിച്ചുവരികയാണെന്നും വിഭാഷ് എന്ന പേരിൽ ആരെയും അറിയില്ലെന്നും ഇയാൾ പോലീസിനോടു പറഞ്ഞു.
തുടരന്വേഷണത്തിൽ വിഭാഷിനെ പോലീസ് കണ്ടെത്തി. എന്നാൽ തന്റെ ബൈക്ക് മോഷ്ടിക്കപ്പെട്ടതായി ഇയാൾ പോലീസിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മഹീന്ദ്ര സ്കോർപിയ കാറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രകാന്തിനെ ബൈക്കിലെത്തിയ ആക്രമികൾ വെടിവയ്ക്കുകയായിരുന്നു. വാഹനത്തിന്റെ മുൻസീറ്റിൽ ഇരുന്ന ചന്ദ്രകാന്ത് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
National
കോൽക്കത്ത: ബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ ബംഗാളിൽ വ്യാപക സംഘർഷം.
ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനസ് ജില്ലയിലെ ദോൽടാല മേഖലയിൽ ബൈക്കിലെത്തിയ അക്രമികൾ രഥിന്റെ കാർ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നു. രഥിന്റെ ഡ്രൈവർ ബുദ്ധദേബ് ബേരയ്ക്കും വെടിയേറ്റു. ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേനയാക്കിയെങ്കിലും ഗുരുതരാവസ്ഥയിലാണ്.
രഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു; ഇവരെ ചോദ്യം ചെയ്യും. നോർത്ത് 24 പർഗനാസ് ജില്ലയിൽ സുരക്ഷ ശക്തമാക്കി. അക്രമികളെ പിടികൂടാൻ പോലീസ് വിവിധ സംഘങ്ങളെ നിയോഗിച്ചു.
സിഐഡിയും അന്വേഷണത്തിന്റെ ഭാഗമാകും. പ്രഫഷണൽ ഷൂട്ടർമാരാണ് ആക്രമണം നടത്തിയതെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഫോറൻസിക് സംഘം ആക്രമണസ്ഥലത്തത്തി തെളിവുകൾ ശേഖരിച്ചു.
കോൽക്കത്തയിൽനിന്നു മധ്യംഗ്രാമിലെ വീട്ടിലേക്കു കാറിൽ പോകവേയായിരുന്നു രഥിനെതിരേ (42) ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഭവാനിപുരിൽ സുവേന്ദു അധികാരിക്കെതിരേ മമത ബാനർജി പരാജയപ്പെട്ടതിനു കൊലപാതകവുമായി ബന്ധമുണ്ടെന്ന് രഥിന്റെ അമ്മ പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് വെടിയേറ്റു മരിച്ചു. ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാം മേഖലയിലാണ് സംഭവം. ദീർഘകാലമായി സുവേന്ദു അധികാരിയുടെ വിശ്വസ്തനും അടുത്ത സഹായിയുമായിരുന്നു കൊല്ലപ്പെട്ട ചന്ദ്രനാഥ്.
ബുധനാഴ്ച രാത്രി ചന്ദ്രനാഥ് തന്റെ വാഹനത്തിൽ യാത്ര ചെയ്യവേയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അക്രമികൾ വാഹനം തടയുകയും തൊട്ടടുത്തുനിന്ന് ചന്ദ്രനാഥിന് നേരെ മൂന്ന് തവണ വെടിയുതിർക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ബൈക്കിലെത്തിയ അക്രമിസംഘം കൃത്യത്തിന് ശേഷം ഉടൻ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ തടയുന്നതിനും സമാധാനം പാലിക്കുന്നതിനും സുവേന്ദു അധികാരി പ്രവർത്തകരോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ ദാരുണമായ കൊലപാതകം നടന്നിരിക്കുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ബിജെപി നേതൃത്വം കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
National
കോൽക്കത്ത: സിപിഎം വോട്ടർമാർക്ക് നന്ദി അറിയിച്ച് ഭവാനിപുരിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി. ഭവാനിപുരിൽ തന്നെ വിജയിപ്പിച്ചത് സിപിഎം വോട്ടർമാരാണെന്നും സുവേന്ദു അധികാരി പറഞ്ഞു.
സിപിഎം അണികളുടെ വോട്ടുകളും തനിക്ക് കിട്ടി. ഇത് ഹിന്ദുത്വയുടെ വിജയമാണ്. സിപിഎമ്മിന് 13,000 വോട്ട് ഭവാനിപുരിലുണ്ടെന്നും അതാണ് തനിക്ക് നിർണായകമായതെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
സിപിഎം വോട്ടർമാരോട് താൻ നന്ദി പറയുന്നു. മമത ബാനർജിക്കിത് രാഷ്ട്രീയത്തിൽ നിന്നുമുള്ള വിരമിക്കലാകുമെന്നും സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു. അതേസമയം ബംഗാളിലെ ബിജെപി മുന്നേറ്റത്തിനൊപ്പം മമതയുടെ പരാജയം തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമായി.
National
കോൽക്കത്ത: വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പരസ്യമായത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സുവേന്ദു അധികാരി ആരോപിച്ചു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും മറ്റ് വിവരങ്ങളും മുൻകൂട്ടി പുറത്തുവന്നത് വോട്ടെണ്ണൽ പ്രക്രിയയുടെ സുതാര്യതയെ ബാധിക്കും. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്നത് അവരെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ഇടയാക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വോട്ടെണ്ണൽ ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നത് അതീവ രഹസ്യമായിട്ടായിരിക്കണം എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
വോട്ടെണ്ണൽ പ്രക്രിയ നിക്ഷ്പക്ഷമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സേനയുടെ സാന്നിധ്യം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ പുറത്തുവന്ന ഈ ആരോപണം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
National
കോൽക്കത്ത: മുൻ കേന്ദ്രമന്ത്രി ശിശിർ അധികാരിയുടെ തട്ടകമാണ് ബംഗാളിലെ പൂർബ മേദിനിപുർ ജില്ല. മൂന്നു മണ്ഡലങ്ങളാണ് അധികാരി കുടുംബത്തിനു കൂടുതൽ സ്വാധീനം. ഒരു കാലത്ത് ഇടതുപക്ഷത്തെ ശക്തമായി പ്രതിരോധിച്ചിരുന്ന അധികാരി കുടുംബം പിന്നീട് തൃണമൂൽ കോൺഗ്രസിന്റെ നെടുംതൂണായി മാറി. ഇപ്പോൾ കുടുംബമൊന്നാകെ ബിജെപിയിലാണ്.
ശിശിർ അധികാരിയുടെ മകൻ സുവേന്ദു അധികാരിയാണ് ബംഗാൾ പ്രതിപക്ഷനേതാവ്. സൗമേന്ദു കാന്തി ലോക്സഭ മണ്ഡലത്തിൽനിന്നുള്ള എംപിയാണ്. ശിശിറിന്റെ മറ്റൊരു മകൻ ദിബ്യേന്ദു മുൻ എംപിയാണ്. താംലുക്, കാന്തി ഉത്തർ, കാന്തി ദക്ഷിൺ എന്നീ മണ്ഡലങ്ങളാണ് അധികാരി കുടുംബത്തിന്റെ സ്വാധീനം ഏറെ പ്രകടമായിട്ടുള്ളത്.
2021ൽ താംലുക്കിൽ തൃണമൂൽ കോൺഗ്രസിലെ ഡോ. സൗമേൻ കുമാർ മഹാപാത്ര വെറും 793 വോട്ടിനാണ് വിജയിച്ചത്. 2021ലാണ് സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നത്. വൈകാതെ കുടുംബമൊന്നാകെ ബിജെപിയിലെത്തി. 2021ൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി ഇത്തവണ മമതയെ വെല്ലുവിളിച്ച് ഭവാനിപുരിൽ മത്സരിക്കുന്നു.
അധികാരികുടുംബത്തിന്റെ ചുവടുമാറ്റം പൂർബ മേദിനിപുരിൽ തൃണമൂലിന്റെ സംഘടനാസംവിധാനത്തെ ഉലച്ചു. ഇത്തവണ ദീപേന്ദ്ര നാരായൺ റോയിയെ ആണ് താംലുക്കിൽ തൃണമൂൽ സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞ തവണ തോറ്റ ഹരേകൃഷ് ബേരയ്ക്കു ബിജെപി വീണ്ടും സീറ്റ് നല്കി. സിപിഐ സ്ഥാനാർഥി രംഗത്തുണ്ടെങ്കിലും മണ്ഡലത്തിൽ തൃണമൂൽ-ബിജെപി പോരാട്ടമാണ് അരങ്ങേറുന്നത്.
2021ൽ കാന്തി ഉത്തർ മണ്ഡലത്തിൽ ബിജെപിയിലെ സുമിത സിൻഹയാണ് വിജയിച്ചത്. ഇത്തവണയും സിൻഹയാണ് ബിജെപി സ്ഥാനാർഥി. ബിജെപിയിലെ അരുപ് കുമാർ ദാസ് ആണ് 2021ൽ കാന്തി ദക്ഷിൺ മണ്ഡലത്തിൽ വിജയിച്ചത്. ഇത്തവണയും ദാസ് തന്നെ ബിജെപി സ്ഥാനാർഥി.
National
കോൽക്കത്ത: ബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി ഭവാനിപുർ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ ബിജെപി നിയോഗിച്ചിരിക്കുന്നത് സുവേന്ദുവിനെയാണ്. 25,000 വോട്ടിനു വിജയിക്കുമെന്ന് സുവേന്ദു അധികാരി അവകാശപ്പെട്ടു.
2021ൽ നന്ദിഗ്രാം മണ്ഡലത്തിൽ മമതയും സുവേന്ദുവും ഏറ്റുമുട്ടിയപ്പോൾ വിജയം സുവേന്ദുവിനായിരുന്നു. പിന്നീട് ഭവാനിപുരിൽ വിജയിച്ച തൃണമൂൽ സ്ഥാനാർഥി മമതയ്ക്കായി സീറ്റ് ഒഴിയുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ മമത വിജയിച്ചു. സ്വന്തം തട്ടകമായ ഭവാനിപുരിൽ മമത എല്ലാത്തവണയും വിജയിച്ചു. മമതയുടെ വീട് ഈ മണ്ഡലത്തിലാണു സ്ഥിതി ചെയ്യുന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും ഒരു 'നന്ദിഗ്രാം മോഡൽ' പോരാട്ടത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ തട്ടകമായ ഭവാനിപൂരിൽ അവരെ പരാജയപ്പെടുത്താൻ ബിജെപി കരുത്തുറ്റ ചക്രവ്യൂഹം തീർക്കുന്നതായി റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മമതയെ വീഴ്ത്താനുള്ള തന്ത്രങ്ങൾക്ക് പിന്നിലെ പ്രധാനി.
മമത ബാനർജി പരാജയപ്പെട്ട നന്ദിഗ്രാമിലെ പോരാട്ടത്തിന് സമാനമായ സാഹചര്യമാണ് ഭവാനിപൂരിലും ഒരുക്കാൻ ബിജെപി ലക്ഷ്യമിടുന്നത്. മമതയെ അവരുടെ സ്വന്തം മണ്ഡലത്തിൽ തന്നെ തളച്ചിടുക എന്നതാണ് സുവേന്ദു അധികാരിയുടെ ലക്ഷ്യം. നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് സുവേന്ദു അധികാരി. ഇത്തവണ ഭവാനിപൂരിലും തൃണമൂൽ കോൺഗ്രസ് അപ്രമാദിത്വം അവസാനിപ്പിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
മണ്ഡലത്തിലെ വോട്ടർമാരുടെ വികാരം തങ്ങൾക്കൊപ്പമാണെന്ന് ബിജെപി നേതൃത്വം കരുതുന്നു.ബിജെപിയുടെ നീക്കങ്ങളെ തള്ളിക്കളഞ്ഞ തൃണമൂൽ കോൺഗ്രസ്, ഭവാനിപൂരിലെ ജനങ്ങൾ മമതയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കി. തങ്ങളുടെ നേതാവിനെ തകർക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ വിലപ്പോവില്ലെന്നാണ് ടിഎംസിയുടെ നിലപാട്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മമതയുടെ വിജയം തടയാൻ കഴിഞ്ഞാൽ അത് ദേശീയതലത്തിൽ തന്നെ ബിജെപിക്ക് വലിയ നേട്ടമാകും. അതിനാൽ തന്നെ അതീവ ജാഗ്രതയോടെയാണ് ഇരുപാർട്ടികളും കരുനീക്കങ്ങൾ നടത്തുന്നത്. ബംഗാൾ രാഷ്ട്രീയത്തിലെ തീപാറുന്ന പോരാട്ടങ്ങളിൽ ഒന്നായി ഭവാനിപൂർ മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സുവേന്ദു അധികാരിയുടെ 'ചക്രവ്യൂഹം' വിജയിക്കുമോ അതോ മമത തന്റെ കോട്ട കാക്കുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
National
കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ വീണ്ടും സുവേന്ദു അധികാരി. മമതയുടെ മണ്ഡലമായ ഭവാനിപുരിലാണ് ഇത്തവണ ബംഗാൾ പ്രതിപക്ഷനേതാവുകൂടിയായ സുവേന്ദു അധികാരി മത്സരിക്കുക.
കഴിഞ്ഞ തവണ നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയത് സുവേന്ദുവാണ്. തുടർന്ന് ഭവാനിപുരിൽ വിജയിച്ച സ്ഥാനാർഥി മമതയ്ക്കായി സീറ്റ് ഒഴിയുകയായിരുന്നു.
144 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. മുതിർന്ന ബിജെപി നേതാവ് ദിലീപ് ഘോഷ് ഖരഗ്പുർ സദറിൽ ജനവിധി തേടും. സ്വപൻ ദാസ് ഗുപ്ത റാസ്ബിഹാറി സീറ്റിലാണു മത്സരിക്കുക.
സുമിത സിൻഹ, ബിമൻ ഘോഷ്, മാധവി മഹൽദെർ,അനിമ ദത്ത, ലക്ഷികാന്ത് സാഹു തുടങ്ങിയവരാണ് ബിജെപി പട്ടികയിൽ ഇടം നേടിയ പ്രമുഖർ.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരത്തിലെത്തുകയെന്നും സുവേന്ദു പറഞ്ഞു.
"ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപി അധികാരത്തിൽ വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് ഡബിൾ എൻജിൻ സർക്കാർ വരേണ്ടതുണ്ട് എന്ന് അവർക്ക് അറിയാം.'-സുവേന്ദു അവകാശപ്പെട്ടു.
"മമത ബാനർജിയുടെ തൃണമൂൽ സർക്കാർ സംസ്ഥാനത്തെ ഭരിച്ച് നശിപ്പിച്ചു. എല്ലാ മേഖലകളെയും തകർത്തു. അഴിമതിയാണ് അവരുടെ പ്രധാന പണി. വൻ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ജനങ്ങൾക്ക് അവരെ മടുത്തു.'-സുവേന്ദു കുറ്റപ്പെടുത്തി.